കാമുകന്റെ പ്രതിശ്രുത വധുവിന് നേരേ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ

ന്യൂഡൽഹി: കാമുകന്റെ പ്രതിശ്രുത വധുവിന് നേരേ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. ഡൽഹിയിലെ ഇന്ദിരാ വിഹാറിലാണ് സംഭവം. അയൽവാസിയായ ഇരുപത്തൊന്നുകാരിയുടെ മുഖത്തും ശരീരത്തിലും ഇരുപത്തെട്ടുകാരിയായ യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു രണ്ടുപേരും. എന്നാൽ, തന്റെ കാമുകനുമായി ഇരുപത്തൊന്നുകാരിയുടെ വിവാഹം ഉറപ്പിച്ചതാണ് ഇരുപത്തെട്ടുകാരിയെ പ്രകോപിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ ഇരയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച പ്രതി, പിന്നീട് ഉച്ചയോടെ വീണ്ടും എത്തി. വിവാഹത്തിന് പോകാനുണ്ടെന്നും കൈയിൽ മൈലാഞ്ചി ഇടണമെന്നും ആവശ്യപ്പെട്ടു. മൈലാഞ്ചി ഇട്ടുകൊണ്ടിരിക്കുമ്പോൾ, നാരങ്ങാവെള്ളമാണെന്ന് പറഞ്ഞ് കൊണ്ടുവന്ന കവറിലെ ദ്രാവകം കുടിക്കാൻ ആവശ്യപ്പെട്ട പ്രതി, അതിനിടെ പെട്ടെന്ന് അതിലെ ആസിഡ് ഇരയുടെ മുഖത്തും ശരീരത്തിലേക്കും ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റു; കാഴ്ചശക്തിയെയും ബാധിച്ചിരിക്കാമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
യുവതിയുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ കാരണം പുറത്തുവന്നത്. ഇര വിവാഹം കഴിക്കാനിരുന്ന യുവാവുമായി പ്രതിക്ക് ദീർഘകാല ബന്ധമുണ്ടായിരുന്നുവെന്നും, വിവാഹം തടയാനായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പൊലീസ് കണ്ടെത്തി. ഫോൺ രേഖകളും ഇത് സ്ഥിരീകരിക്കുന്നതായി സൂചനകളുണ്ട്.
ഗുരുതരമായി പരിക്കേറ്റ യുവതി ഗുരു തെഗ് ബഹാദൂർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന കുടുംബത്തിന്റെ വാദം ഉണ്ടായിരുന്നുവെങ്കിലും, ആക്രമണം പദ്ധതിപൂർവ്വമായതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ കൂടുതൽ അന്വേഷണം തുടരുന്നു.










